Head Office Ph. No:  0497 2789400

class-logo

പ്രവര്‍ത്തന റിപ്പോര്‍ട്ട്

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ പാപ്പിനിശ്ശേരി വില്ലേജ് പ്രവര്‍ത്തന പരിധിയായി പാപ്പിനിശ്ശേരി എന്ന സ്ഥലം ആസ്ഥാനമാക്കി മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം 01/12/1955 ല്‍ പാപ്പിനിശ്ശേരി വിവിധോദ്ദേശ ഐക്യ നാണയ സംഘം റജിസ്റ്റര്‍ ചെയ്യുകയും 06/01/1956 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. പിന്നീട് 1969 ലെ കേരള സഹകരണ സംഘം ആക്ടിന് വിധേയമായിട്ടാണ് സംഘം പ്രവര്‍ച്ചത്തിച്ച് വരുന്നത് . 21-01-1962 മുതല്‍ സംഘത്തെ പാപ്പിനിശ്ശേരി സര്‍വ്വീസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയായും, 10-01-1963 മുതല്‍ സര്‍വ്വീസ് സഹകരണ ബേങ്കായും റജിസ്റ്റര്‍ ചെയ്തു. 1956 ജനുവരി 6-ാം തീയ്യതി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 11 മെമ്പര്‍മാരും 55 രൂപ ഓഹരി മൂലധനവുമാണുണ്ടായിരുന്നത്. ഭരണസമിതിയുടെയും ജീവനക്കാരുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 01-04-2014 മുതല്‍ ബേങ്കിനെ ക്ലാസ് 1 സൂപ്പര്‍ ഗ്രേഡിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. ഇപ്പോള്‍ ബേങ്കില്‍ 170 കോടി രൂപയുടെ നിക്ഷേപവും 105 കോടി രൂപയുടെ വായ്പയും നീക്കിയിരിപ്പുണ്ട്. പ്രവര്‍ത്തന മൂലധനം 175 കോടി രൂപയാണ്. വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും മെമ്പര്‍മാര്‍ക്ക് പരമാവധി ഡിവിഡണ്ടും അനുവദിച്ച് വരുന്നു. ബേങ്കിന് ഇപ്പോള്‍ 7 ബ്രാഞ്ചുകളും 76 ജീവനക്കാരുമുണ്ട്. ബേങ്കിന്റെ എട്ടാമത് ശാഖ കല്ലൈക്കല്‍ എന്ന സ്ഥലത്ത് ഫിബ്രവരി മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. കോര്‍ ബേങ്കിങ്ങ് സംവിധാന പ്രകാരമാണ് ഹെഡ്ഡോഫീസും, ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നത്. ഇടപാട്കാര്‍ക്ക് ആധുനീക ബേങ്കിങ്ങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മൊബൈല്‍ ബേങ്കിങ്ങ് സംവിധാനങ്ങള്‍ മുഖേന ടെലഫോണ്‍ ബില്‍ അടക്കല്‍, ഇലക്ട്രിസിറ്റി ബില്‍ അടക്കല്‍,മൊബൈല്‍ റീ ചാര്‍ജ്ജ് ,ഇന്ത്യയില്‍ ഏത് ബേങ്കിലെ അക്കൗണ്ടിലേക്കും പണമയക്കുന്നതിനുള്ള ആര്‍. ടി. ജി. എസ്, എന്‍. ഇ. എഫ് .ടി സൗകര്യവും ഏര്‍പ്പെടുത്തീട്ടുണ്ട്. കൂടാതെ വിദേശത്തുനിന്നും പണമയക്കുന്നതിന് വെസ്റ്റേണ്‍യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, റിയാമണി, ട്രാന്‍സ്ഫാസ്റ്റ്, എക്‌സ്പ്രസ് മണി ട്രാന്‍സ്ഫര്‍ എന്നീ സംവിധാനവും ബേങ്കില്‍ ഏര്‍പ്പെടുത്തീട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ കെട്ടിടത്തില്‍ വിവാഹം, വിവാഹ നിശ്ചയം,വിവാഹ സല്‍ക്കാരം, കലാപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു കണ്‍സേര്‍ട്ട് ഹാളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.

ബേങ്കിന്റെ ആദ്യ പൊതുയോഗം 1956 ജനുവരി 6-ാം തീയ്യതി പാപ്പിനിശ്ശേരി പഞ്ചായത്ത് ആഫീസ് പരിസരത്ത് വെച്ച് പി. കെ ഗോപാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ആദ്യത്തെ 11 മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ആദ്യ പൊതുയോഗത്തില്‍ താഴെ പറയുന്നവരെ ഒരു വര്‍ഷത്തേക്കുള്ള ഡയറക്ടര്‍മാരായി തെരഞ്ഞെടുത്തു.

  1. പി കെ ഗോപാലന്‍
  2. കെ. ഇ. കണ്ണന്‍
  3. കെ. കെ. കുഞ്ഞപ്പ
  4. എ. വി. കുഞ്ഞിരാമന്‍ നായര്‍
  5. എ.. ശങ്കരന്‍ നമ്പ്യാര്‍

ബേങ്കിന്റെ ആദ്യ പ്രസിഡണ്ടായി ശ്രീ. പി. കെ ഗോപാലന്‍ എന്നവരെയും സിക്രട്ടറിയായി ശ്രീ. കെ. ഇ കണ്ണനേയും തെരഞ്ഞെടുത്ത് പ്രവര്‍ത്തനം തുടങ്ങി. താഴെ പറയുന്നവരാണ് ബേങ്കിന്റെ നാളിത് വരെയുള്ള പ്രസിഡണ്ടുമാര്‍

  1. ശ്രീ. പി. കെ. ഗോപാലന്‍
  2. ശ്രീ. എ. ശങ്കരന്‍ നമ്പ്യാര്‍
  3. ശ്രീ. കെ. ഇ. കണ്ണന്‍
  4. ശ്രീ. കൊട്ടോടി രാഘവന്‍
  5. ശ്രീ. ഇ. കെ. രാമുണ്ണി
  6. ശ്രീ. എം. വി. രാഘവന്‍
  7. ശ്രീ. കെ. കേളുനമ്പ്യാര്‍
  8. ശ്രീ. പി. കെ. നാരായണന്‍ മാസ്റ്റര്‍
  9. ശ്രീ. പി. പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍
  10. ശ്രീ. പി. എം. ഗോപാലന്‍
  11. ശ്രീ. ഐ. വി. ഗോവിന്ദന്‍ നായര്‍
  12. ശ്രീ. പട്ടേരി രവീന്ദ്രന്‍
  13. ശ്രീ. പണ്ണേരി ശ്രീധരന്‍
  14. ശ്രീ. മേപ്പേരി കരുണാകരന്‍

മുന്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ. എം. വി. രാഘവന്‍ 1966 മുതല്‍ 1972 വരെ ബേങ്കിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേങ്കിന്റെ പ്രസിഡണ്ടായി ഏറ്റവും കൂടുതല്‍ ഭരണം നടത്തിയിട്ടുള്ളത് ശ്രീ. പട്ടേരി രവീന്ദ്രന്‍ അവര്‍കളാണ്. ആകെ 63 വര്‍ഷത്തില്‍ 20 വര്‍ഷത്തോളം അദ്ദേഹം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേങ്കിന്റെ സിക്രട്ടറി എന്ന നിലയില്‍ 29 വര്‍ഷത്തിലധികം സേവനം നടത്തിയത് ശ്രീ. എന്‍. പുഷ്പജന്‍ എന്നവരാണ്. കഴിഞ്ഞ വര്‍ഷം 2017 ഒക്‌ടോബര്‍ 31 ന് അദ്ദേഹം സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തു. സംഘത്തിന് സ്വന്തമായി ഫണ്ടില്ലാത്തത് കാരണം1956-57 വര്‍ഷത്തില്‍ മലബാര്‍ ജില്ലാ പരസ്പരസഹായ ബേങ്കില്‍ നിന്നും 3100/- രൂപ കടമെടുത്തിട്ടാണ് കര്‍ഷകര്‍ക്ക് 50 രൂപ, 100 രൂപ പ്രകാരം വായ്പയായി അനുവദിച്ചിട്ടുള്ളത്. കൃഷിക്കാരുടെ കാര്‍ഷീകാവശ്യത്തിന് വിത്ത്, വളം, കീടനാശിനി, കാലിത്തീറ്റ, കോഴിത്തീറ്റ മുതലായവയും വിതരണം ചെയ്തിരുന്നു. കാര്‍ഷീക ഉപകരണങ്ങളായ സ്‌പ്രേയര്‍, ഇന്റര്‍ കള്‍ട്ടിവേറ്റര്‍ മുതലായവ വാടകയ്ക്ക് കൊടുത്ത് വന്നിരിന്നു. നെല്ല് സംഭരണം , കശുവണ്ടി സംഭരണം മുതലായ പ്രവൃത്തികളും ബേങ്ക് ഏറ്റെടുത്ത് നടത്തിയിരുന്നു. കേരള സര്‍ക്കാറിന്റെ ലോട്ടറി ടിക്കറ്റിന്റെ ഏജന്‍സിയും ഏറ്റെടുത്ത് വില്‍പന നടത്തിയിരുന്നു. മെമ്പര്‍മാര്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കേണ്ടതിലേക്ക് 1960-61 ലാണ് ആദ്യമായി നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്. കീച്ചേരിയിലും പാപ്പിനിശ്ശേരി പഞ്ചായത്ത് പരിസരത്തും 2 കണ്‍സ്യൂമര്‍ സ്റ്റോറും ഒരു റേഷന്‍ ഷാപ്പും നടത്തിയിരുന്നു. കൃഷിക്ക് പ്രോല്‍സാഹനം കൊടുക്കുന്നതിന്റെ ഭാഗമായി ബേങ്കിന്റെ സ്ഥലത്ത് ബേങ്ക് തന്നെ മരച്ചീനി, നിലക്കടല എന്നിവ കൃഷി ചെയ്തിരുന്നു. ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് വീട് വയ്ക്കുന്നതിന് വായ്പ അനുവദിച്ചിരുന്നു. 21 കുടുംബങ്ങളെ ദത്തെടുക്കുകയും അവരുടെ ഉന്നമനത്തിനായുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. ബേങ്കിന്റെ 63 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വന്നിട്ടുണ്ട്.

  • മെമ്പര്‍മാര്‍ക്ക് അപകട മരണം സംഭവിച്ചാല്‍ 10000/-രൂപ
  • മെമ്പര്‍മാര്‍ക്ക് മാരക രോഗത്തിനുള്ള ചികിത്സയ്ക്ക് 5000/-രൂപ
  • മെമ്പര്‍മാരുടെ ശവസംസ്‌കാര ചടങ്ങിന് 2000/-,രൂപ
  • ഡയാലിസിസിന് വിധേയരായ പാവപ്പെട്ടവര്‍ക്ക് ഒരുമാസം സൗജന്യമായി10 കിലോ അരി വീതം നല്‍കി വരുന്നു
  • ബേങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ സ്‌കൂളുകളിലെ 4, 7, 10, +2 കുട്ടികള്‍ക്ക് കേഷ് അവാര്‍ഡ് നല്‍കിവരുന്നു

നേഷണല്‍ ഹൈവെയുടെ വികസനവുമായി ബന്ധപ്പെട്ട് ബേങ്കിന്റെ നിലവിലുള്ള കെട്ടിടം പൊളിഞ്ഞ് പോകാന്‍ സാദ്ധ്യത ഉള്ളതിനാലും, 26-08-2012-ാം തീയ്യതിയിലെ വാര്‍ഷിക പൊതുയോഗത്തില്‍ മെമ്പര്‍മാരുടെ അഭിപ്രായം കണക്കിലെടുത്തുമാണ് ബേങ്കിന്റെ നിലവിലുള്ള കെട്ടിടം പൊളിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു നല്ല കെട്ടിടം പണിയാന്‍ ആലോചിച്ചത്. നേഷണല്‍ ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ബേങ്കിന്റെ കെട്ടിടം പൊളിച്ച്മാറ്റി പുതിയത് നിര്‍മ്മിച്ചിട്ടുള്ളത്.

ബേങ്കിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ബേങ്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് ഏകദേശം മദ്ധ്യത്തിലായി കിടക്കുന്ന പാപ്പിനിശ്ശേരി പാല്‍ വിതരണ സഹകരണ സംഘത്തിന്റെ 4 സെന്റ് സ്ഥലവും ഇരുനില കെട്ടിടവും വാങ്ങുന്നതിനും അതിന് പകരമായി ബേങ്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ അതേ സര്‍വ്വെ നമ്പറില്‍ 4 സെന്റ് സ്ഥലവും കെട്ടിടവും ബേങ്കും പാല്‍ സൊസൈറ്റിയും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള കരാറിലെ വ്യവസ്ഥകള്‍ പ്രകാരം നിര്‍മ്മിച്ച് നല്‍കാം എന്ന് സമ്മതിച്ചതിനാലും ബേങ്ക് പാല്‍സൊസൈറ്റിയില്‍ നിന്നും സ്ഥലവും കെട്ടിടവും എഴുതിവാങ്ങുകയും തുടര്‍ന്ന് പാല്‍ സൊസൈറ്റിക്ക് അനുവദിച്ച് കൊടുക്കേണ്ട സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കുകയും അംഗീകാരത്തിന് അയക്കുകയും ചെയ്തത്. ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം പെട്ടെന്ന് ആരംഭിക്കുവാന്‍ സാധിക്കാതെ വന്നതിനാലും പാപ്പിനിശ്ശേരി പാല്‍ സൊസൈറ്റിക്ക് കെട്ടിടം പണിയേണ്ടതിനാലും അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ഭരണ സമിതി അറിയിച്ചതിനാലും ബേങ്കും സൊസൈറ്റിയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്യുകയും 4 സെന്റ് സ്ഥലത്തിനും ഇരുനില കെട്ടിടത്തിനും കൂടി 63 ലക്ഷം രൂപ വില നിശ്ചയിച്ച് പാല്‍ സൊസൈറ്റിക്ക് കൊടുത്തു. പിന്നീട് മൊത്തം സ്ഥലം ബേങ്കിന് ഉപയോഗിക്കാന്‍ ലഭിച്ചതിനാല്‍ ആദ്യം ഉണ്ടാക്കിയ പ്ലാനില്‍ ഭേദഗതി വരുത്തുന്നതിന് തീരുമാനിച്ചു.

കണ്ണൂരിലെ പ്രമുഖ ആര്‍ക്കിടെക്ടായ എം കുമാര്‍ ആര്‍ക്കിടെക്ട് തയ്യാറാക്കിയ പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ അംഗീകരിക്കുന്നതിനായി പാപ്പിനിശ്ശേരി പഞ്ചായത്തില്‍ സമര്‍പ്പിക്കുകയും പ്ലാന്‍ അംഗീകരിച്ച് കിട്ടുകയും ചെയ്തു. കെട്ടിട നിര്‍മ്മാണത്തിന് 7.29 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സഹകരണ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകീാരത്തിന് സമര്‍പ്പിക്കുകയും 16-09-2015-ാം തീയ്യതി അംഗീകാരം അനുവദിച്ച് കിട്ടുകയും ചെയ്തു. നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി 2015 ഒക്‌ടോബര്‍ 15-ാം തീയ്യതി ടെണ്ടര്‍ പരസ്യം ചെയ്യുകയും ചില സാങ്കേതിക കാരണങ്ങളാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുകയും ചെയ്തു. അതിന് ശേഷം വീണ്ടും ടെണ്ടര്‍ പരസ്യം ചെയ്യുകയുണ്ടായി. ലഭിച്ച ടെണ്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും കേസ് ഹൈക്കോടതിയില്‍ എത്തുകയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുവാന്‍ ഉത്തരവാകുകയും ചെയ്തു. ആറ് മാസത്തിന് ശേഷം കേസ് ഫയല്‍ചെയ്ത കരാറ് കാരന്‍ തന്നെ സ്വമേധയാ കേസ് പിന്‍വലിച്ചതിന് ശേഷമാണ് വീണ്ടും പുതിയ റീ ടെണ്ടര്‍ ക്ഷണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്.

2016 സെപ്തംബര്‍ 12 ന് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. നാരായണന്റെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട കേരള വ്യവസായ- കായിക വകുപ്പ് മന്ത്രി ശ്രീ. ഇ. പി. ജയരാജന്‍ അവര്‍കള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയുണ്ടായി. അതിന് ശേഷം 02-11-2016-ന് നിര്‍മ്മാണ പ്രവര്‍ത്തനവും അരംഭിച്ചു. എഗ്രിമെന്റില്‍ പറഞ്ഞകാലത്ത് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മിക്കവാറും പൂര്‍ത്തീകരിക്കുകയും അതിന് ശേഷം ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം പ്രവൃത്തി പൂര്‍ണ്ണമായി മുഴുവിപ്പിക്കാന്‍ കാലതാമസം നേരിടുകയും ചെയ്തു.

2017 ഡിസംബര്‍ 12-ാം തീയ്യതി ശ്രീ പട്ടേരി രവീന്ദ്രന്‍ പ്രസിഡണ്ടായുള്ള നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും അന്ന് ചാര്‍ജ്ജെടുത്ത ശ്രീ. കെ. കെ. ബാലകൃഷ്ണന്‍ പ്രസിഡണ്ടായ പുതിയ ഭരണസമിതിയാണ് ഇപ്പോള്‍ ബേങ്കിന്റെ ഭരണം നടത്തിവരുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നതിന് 7.29 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് 10 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് .ബേങ്കിന്റെ ഫ്രണ്ട് എലിവേഷന്‍ മാറ്റിയതിനാലും, പിറക് വശത്ത് അഡീഷണലായി റേമ്പ് നിര്‍മ്മിച്ചതിനാലും, കെട്ടിടത്തിനുള്ളില്‍ ടൈല്‍സിന് പകരം ഗ്രാനൈറ്റ് പാകിയതും കൊണ്ടാണ് എസ്റ്റിമേറ്റ് സംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്.

ദേശീയ പാതയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ഹെഡ്ഡോഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2019 ജനുവരി മാസം 19 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള വ്യവസായ- കായിക വകുപ്പ് മന്ത്രി ശ്രീ. ഇ. പി. ജയരാജന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രി. പിണറായി വിജയന്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നതാണ്. പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ വളര്‍ച്ചയുടെ ഒരു നാഴികകല്ലാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ബേങ്കിന്റെ കെട്ടിടം. കെട്ടിടം ഭംഗിയായി നിര്‍മ്മിച്ച് തന്ന എം കുമാര്‍ ആര്‍ക്കിടെക്ട് കണ്ണുര്‍, ശ്രീ. എ. വി തമ്പാന്‍, പ്രോജക്ട് എഞ്ചിനിയര്‍, ശ്രീ. എന്‍. പുഷ്പജന്‍, ബേങ്ക് മുന്‍ സെക്രട്ടറി സ്‌പെഷ്യല്‍ ഓഫീസര്‍ കെട്ടിട നിര്‍മ്മാണം, യൂനിക്ക് ബില്‍ഡേര്‍സ് ആന്റ് ഡവലപ്പേഴ്‌സ് പഴയങ്ങാടി, ഇലക്‌ട്രോണ്‍ ഇഞ്ചിനിയറിങ്ങ് കമ്പനി കോഴിക്കോട്, മലബാര്‍ എഞ്ചിനിയറിങ്ങ് കമ്പനി കോഴിക്കോട് , സാബ്രോസ് ഡിക്കോര്‍ സിസ്റ്റംസ് കൊച്ചിന്‍ , ടെക്‌നോ എന്റര്‍ പ്രൈസസ് കോഴിക്കോട്, റിയലന്റ് എസ്‌കലേറ്റേഴ്‌സ് ആന്റ് എലിവേറ്റേഴ്‌സ് കൊച്ചിന്‍, ഓജസ് പവര്‍ ആന്റ് ടെക്കനോളജി ബാംഗ്ലൂര്‍, യുനീ പവര്‍ ട്രാന്‍സ്‌ഫോമേഴ്‌സ് കൊച്ചിന്‍,സ്വരാജ് എക്യുപ്‌മെന്റ്‌സ്, സെക്യൂട്ടേണിക്‌സ്, സ്മാര്‍ട്ട് ടെക്ക് സ്റ്റെയിന്‍ലസ് സ്റ്റീല്‍ കല്ല്യാശ്ശേരി, എസ്. ആര്‍. സീറ്റിങ്ങ് ബാംഗ്ലൂര്‍, കൂടാതെ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാവര്‍ക്കും, തൊഴിലാളികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ബേങ്കിന്റെ പുരോഗതിക്ക് വേണ്ടി കഴിഞ്ഞ കാലങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്ത മെമ്പര്‍മാര്‍ക്കും, ഇടപാട്കാര്‍ക്കും, നാട്ടുകാര്‍ക്കും, ജീവനക്കാര്‍ക്കും അധികൃതര്‍ക്കും ഇത്തരുണത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. മേലിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

- പ്രസിഡണ്ട്
പാപ്പിനിശ്ശേരി സര്‍വ്വീസ് കോ-ഓപ്പ്: ബേങ്ക്‌